കഴിഞ്ഞ ദിവസം കേരളത്തിൽ +2വിന് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ഒരു കുട്ടി ആത്മഹത്യ ചെയ്ത വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. പിന്നാലെ അതിൻ്റെ കാരണം ആ കുട്ടിയെ സഹായിച്ചവരുടെ ഭാഗത്തു നിന്നും സംഭവിച്ച പാളിച്ചയാണെന്നു ചൂണ്ടിക്കാട്ടി മറ്റൊരു വാർത്തയും കണ്ടു. ആ കുട്ടിയുടെ മരണത്തിൽ അനോശോചനം രേഖപ്പെടുത്തുകയും ആ കുട്ടിയുടെ മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യം ആദ്യമേ പറയട്ടെ. മനുഷ്യാവകാശങ്ങളും വ്യക്തികളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും കാത്തുസൂക്ഷിക്കാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഉത്തരവാദിത്വമുണ്ട്. സംഘടനയിൽ പ്രവർത്തിക്കുന്നവരുടേയും അഭ്യുദയകാംക്ഷികളുടേയും സംഭാവന നൽകുന്നവരുടേയും ഗുണഭോക്താക്കളുടേയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുണ്ട്. ഇതു നടപ്പാക്കുന്നതിൽ പാളിച്ച പറ്റിയെന്നാണ് ആക്ഷേപം. ഗുണഭോക്താക്കളെ അറിയാൻ വേണ്ടി പല അന്വേഷണങ്ങളും നടത്തേണ്ടി വന്നേക്കാം. അവരുടെ പലവിവരങ്ങളും വാങ്ങിക്കേണ്ടി വന്നേക്കാം. പക്ഷെ, അവ പരസ്യപ്പെടുത്താനോ ദുരുപയോഗം ചെയ്യാനോ പാടില്ല. അതുപോലെ സഹായം സ്വീകരിക്കുന്നവരുടെ ചിത്രം എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനു മുൻ‌കൂർ അനുവാദം വാങ്ങിയിരിക്കണം. കുട്ടികളുടെ വിവരങ്ങൾ അവരുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ ഉപയോഗിക്കാവൂ. അനുവാദമില്ലെങ്കിൽ അവ ഉപയോഗിക്കാനും പാടില്ല.

സഹായം ചെയ്യുന്നതോടൊപ്പം അത് സ്വീകരിക്കുന്നവരുടെ വ്യക്തിത്വവും അന്തസ്സും അവകാശങ്ങളും ഹനിക്കപ്പെടാതെ സൂക്ഷിക്കാനും ജീവകാരുണ്യംചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട എല്ലാ സംഘടനകൾക്കും ഉത്തരവാദിത്വമുണ്ട്. മനുഷ്യാവകാശങ്ങൾ ഇല്ലാതെ എന്ത് ജീവിതം?

ഇന്ത്യയിൽ ജീവകാരുണ്യത്തിൻ്റെ പേരിൽ പല മുതലെടുപ്പുകളും തട്ടിപ്പുകളും നടക്കുന്നുണ്ടെന്ന് പലപ്പോഴും ആക്ഷേപം ഉണ്ടായിട്ടുണ്ട്. പല അന്വേഷണങ്ങളും നടന്നിട്ടുമുണ്ട്. അവയെല്ലാംതന്നെ ഈ രംഗത്തു പ്രവർത്തിക്കുന്ന നല്ല സംഘടനകളെയും സംശയിക്കാനും ഇടയാക്കിയിട്ടുമുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുകയെന്നത് സംഘടനകളുടെ ഉത്തരവാദിത്വവും കടമയുമാണ്. ഈ രംഗത്തു പ്രവർത്തിക്കുന്നവർ താഴെപ്പറയുന്ന ചില കാര്യങ്ങൾ നടപ്പിലാക്കിയാൽ നല്ലതായിരിക്കും.

ലാഭേച്ഛയില്ലാതെ, ജീവകാരുണ്യമോ സാമൂഹ്യസേവനമോ മതപരമായ രംഗത്തോ മറ്റെന്തെങ്കിലും മേഖലയിലോ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്കു മാർഗ്ഗരേഖയും അവയുടെ പ്രവർത്തനം നിരീക്ഷിക്കാൻ സംവിധാനങ്ങളും ആവശ്യമാണ്. ഇങ്ങനെ എന്തെങ്കിലും നിയമപരമായി ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഈ രംഗത്തു പ്രവർത്തിക്കുന്നവർ ചില നടപടികൾ സ്വമേധയാ എടുക്കേണ്ടതായിട്ടുണ്ട്. അടിസ്ഥാനപരമായി ഇങ്ങനെ പ്രവർത്തിക്കുന്ന സംഘടനകൾക്കു വേണ്ട കാര്യങ്ങളാണ്, പ്രവർത്തനങ്ങളിലുള്ള സുതാര്യത (transparency), പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം (accountability), വിശ്വാസ്യത (credibility) എന്നിവ.

തങ്ങൾ കുറച്ചുപേർ ചേർന്നു തുടങ്ങിയതുകൊണ്ട് തങ്ങൾക്കിഷ്ടമുള്ളതുപോലെ സംഘടന കൊണ്ട്നടക്കാമെന്നോ തീരുമാനങ്ങൾ എടുക്കാമെന്നോ അർത്ഥമില്ല. പ്രത്യേകിച്ചും, പ്രവർത്തനത്തിന് പൊതുജനത്തിൻ്റെ പണം കൈകാര്യം ചെയ്യുന്നുണ്ടെങ്കിൽ. പണം എവിടെ നിന്നു വരുന്നുവെന്നും എവിടേയ്ക്ക് പോകുന്നുവെന്നും ആരാണ് കൈകാര്യം ചെയ്യുന്നതെന്നും പൊതുജനത്തെ അറിയിക്കേണ്ടതുണ്ട്.

എന്തെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്ന പണം അതേആവശ്യത്തിനുവേണ്ടി മാത്രമേ ഉപയോഗപ്പെടുത്താവൂ. എത്ര പണം കിട്ടിയെന്നും എത്ര പണം ചെലവഴിച്ചെന്നും പൊതുജനത്തെ അറിയിക്കേണ്ട ഉത്തരവാദിത്വവും ഉണ്ട്. അതിനുവേണ്ടിയാണ് സാമ്പത്തിക വിവരങ്ങൾ അടങ്ങിയ വാർഷിക റിപ്പോർട്ട് പരസ്യപ്പെടുത്തുന്നത്. ഇവയൊക്കെ ആരും ആവശ്യപ്പെടാതെ തന്നെ ചെയ്യണം. സുതാര്യമായ പ്രവർത്തനവും, പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വവും നിറവേറ്റുമ്പോഴാണ് വിശ്വാസ്യതയുണ്ടാവുന്നത്. അതുപോലെ സംഘാടനയെക്കുറിച്ചു എന്തെങ്കിലും പരാതി ഉയർന്നാൽ അത് പരിഗണിക്കാനും വേണ്ട നടപടിയെടുക്കുകയും അത് പരാതിക്കാരെ അറിയിക്കുകയും വേണം.

അഴിമതിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ക്രമരഹിതമായോ നിയമപരമല്ലാതെയോ ചെയ്യുന്ന എന്തും അഴിമതിയിലുൾപ്പെടും. അത് സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നതും, യോഗങ്ങളിൽ തീരുമാനമെടുക്കുന്നതും, പണം സ്ഥാനം തുടങ്ങിയവ സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നതും എല്ലാം അഴിമതിയാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തേക്ക് ധാർമ്മികതയില്ലാത്തവരെയും സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ളവരെയും പരിഗണിക്കരുത്.

കുട്ടികളുമായി ഇടപെടുന്ന സംഘടനകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്, അവർക്കു ഒരു ശിശു സുരക്ഷ നയം ഉണ്ടായിരിക്കുകയെന്നതും അത് നടപ്പിലാക്കാൻ ഓഫീസർമാരുണ്ടാവുകയെന്നതും. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടായിക്കൂടാ. എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.

പല രാജ്യങ്ങളിലും മേൽപ്പറഞ്ഞ എല്ലാക്കാര്യങ്ങളും ചാരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകൾക്കും ബാധകമാണ്. പലസ്ഥലത്തും അതിനുവേണ്ടി പ്രത്യേക സംവിധാനങ്ങളും നിലവിലുണ്ട്. ചാരിറ്റി സംഘടനകൾക്കും തെറ്റുകൾ പറ്റാം. എന്നാൽ തെറ്റ് ഒരിക്കലും മൂടി വയ്ക്കരുത്. അത് തിരുത്താനും ആവർത്തിക്കാതിരിക്കാനുമുള്ള നടപടികൾ എടുക്കുകയും അവ പൊതുജനങ്ങളെ യഥാസമയം അറിയിക്കുകയും വേണം. അതു മാത്രമാണ് വിശ്വാസ്യത നിലനിർത്താനുള്ള ഒരേയൊരു മാർഗ്ഗം.

പൊതുജനങ്ങൾക്കും ചില ഉത്തരവാദിത്വങ്ങൾ ഒക്കെയുണ്ട്. പൊതുജനങ്ങൾ ആണ് പൊതുകാര്യങ്ങളുടെ ഗുണവും ദോഷവും അനുഭവിക്കേണ്ടി വരുന്നത്. അതുകൊണ്ട് തങ്ങളുടെ ചുറ്റുവട്ടത്തു നടക്കുന്ന കാര്യങ്ങളിൽ അല്പം ശ്രദ്ധിച്ചാൽ പല പിഴവുകളും ഒഴിവാക്കാം. താഴെപ്പറയുന്നവ ശ്രദ്ധിക്കുക:

1. മറ്റൊരാൾക്കുവേണ്ടി സംഘടനകളുടെ പേരിലും അല്ലാതേയും നടത്തുന്ന പരിപാടികളെക്കുറിച്ചു അന്വേഷിച്ചു സ്വയം ബോധ്യപ്പെട്ടിട്ടു മാത്രം സംഭാവനകൾ ചെയ്യുക.

2. സംഭാവനകൾ ബാങ്കുവഴി മാത്രം കഴിയുന്നതും നൽകുക. പണമായിട്ടാണെങ്കിൽ രസീത് വാങ്ങുക. അതിൽ സംഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെന്നു ഉറപ്പു വരുത്തുക.

3. ആ പരിപാടിയെക്കുറിച്ചു തുടർന്നും അന്വേഷിക്കുക.

4. ഏതെങ്കിലും സംഘടനയെക്കുറിച്ചു പരാതിയുണ്ടെങ്കിൽ ആദ്യം അവരുടെ തന്നെ ശ്രദ്ധയിൽപെടുത്തുക. നടപടിയുണ്ടായില്ലെങ്കിൽ അധികാരപ്പെടിടത്തു അറിയിക്കുക.

5. സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരുപാടു ചിത്രങ്ങൾ, ചിലപ്പോൾ ബാങ്ക് അക്കൗണ്ട് സഹിതം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. നിങ്ങൾക്കു നേരിട്ട് അറിയില്ലെങ്കിൽ ഒരിക്കലും പ്രചരിപ്പിക്കാനോ സഹായിക്കാനോ ഇടം കൊടുക്കരുത്. പലതും വളരെ പഴയതും ഒരു പ്രസക്തിയില്ലാത്തതും ആയിരിക്കും.

6. കഴിയുമെങ്കിൽ ഏതെങ്കിലും ജീവകാരുണ്യ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുക. നിങ്ങൾക്കു മറ്റുള്ളവരെ അറിയാനും ജീവകാരുണ്യ സംഘടനകളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെപ്പറ്റിയും അറിയാനുള്ള നല്ല അവസരമാണത്.

 

ഷെയറിങ് കെയർ (Sharing Care) ഐർലണ്ടിലെ കോർക്ക് ആസ്ഥാനമായിട്ടുള്ള ജീവകാരുണ്യ സംഘടനയാണ്. പ്രധാനമായും ഇന്ത്യയിൽ വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ഷെയറിങ് കെയറിനെക്കുറിച്ചു കൂടുതൽ അറിയാനും ചേർന്നു പ്രവർത്തിക്കാനും താല്പര്യമുള്ളവർ ദയവായി sharingcare@live.ie എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.


Contributor: Binu Thomas


Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s